
ഇറാൻ ആക്രമണത്തിൽ പങ്കെടുത്തെന്ന റിപ്പോർട്ട് തെറ്റ്; തിരുത്തൽ തേടി കുവൈത്ത്
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്ത് പങ്കെടുത്തെന്ന വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് അമേരിക്കയിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ അൽ സെയ്ൻ അൽ സബാഹ് അറിയിച്ചു. ജൂലൈ 24ലെ റിപ്പോർട്ടിനെതിരെ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിന് ഔദ്യോഗിക കത്ത് നൽകിയിട്ടുണ്ട്. ഇറാനെതിരെയോ മറ്റ് അയൽരാജ്യങ്ങൾക്കെതിരെയോ ആക്രമണം നടത്താൻ കുവൈത്തിന്റെ കര, വ്യോമ, സമുദ്രപരിധികൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കത്തിൽ വ്യക്തമാക്കി. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ തെറ്റായ വിവരം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കുവൈത്ത് റിപ്പോർട്ട് തിരുത്തണമെന്നും ആവശ്യപ്പെട്ടു.